ഇഗ്‌നാത്തിയോസ്-അന്ത്യോക്യയിലെ രണ്ടാമത്തെ ഇടയൻ
ഇഗ്നാത്തിയോസ് അന്ത്യോക്യയിലെ രണ്ടാമത്തെ ബിഷപ്പായിരുന്നു. എവോദിയുസിന് ശേഷം ആണ് അദ്ദേഹം ആ സ്ഥാനത്തേക്ക് വന്നത്. അദ്ദേഹം അപ്പോസ്തോലനായ യോഹന്നാന്റെ നേരിട്ടുള്ള ശിഷ്യനായിരുന്നു, അതുകൊണ്ടുതന്നെ അപ്പോസ്തോലിക കാലവുമായി നേരിട്ട് ബന്ധമുള്ള പിതാവാണ് അദ്ദേഹം. അദ്ദേഹത്തെ ‘ദൈവവാഹകൻ’ എന്നർത്ഥം വരുന്ന തെയോഫോരസ് എന്ന് വിളിച്ചിരുന്നു. അദ്ദേഹം സഭയിലെ ഐക്യത്തിന് വളരെയധികം പ്രാധാന്യം കൊടുത്തും, പ്രെസ്ബിറ്റർ, ഡീക്കൻ, വിശ്വാസികൾ എന്ന ക്രമത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചു. കത്തോലിക്കാ സഭ എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. റോമൻ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ക്രിസ്ത്യാനികൾക്കെതിരെ വലിയ പീഡനം നടന്നു. അന്ന് അന്ത്യോക്യയിൽ വെച്ച് ഇഗ്നാത്തിയോസ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ച് റോമിലേക്ക് കൊണ്ടുപോയി. ആ യാത്രക്കിടയിൽ അദ്ദേഹം എഫേസോസ്, മഗ്നീഷ്യ, ട്രാലസ്, റോം, ഫിലദെൽഫിയ, സ്മിർണ എന്നീ സഭകൾക്കും പോളികാർപ്പിനും എഴ് പ്രസിദ്ധമായ ലേഖനങ്ങൾ എഴുതി. എ.ഡി. 107-ൽ റോമിലെ കൊളോസിയത്തിൽ വെച്ച് അദ്ദേഹത്തെ സിംഹങ്ങൾക്ക് മുന്നിൽ ഇട്ടു. “ഞാൻ ദൈവത്തിന്റെ ഗോതമ്പാണ്, സിംഹങ്ങളുടെ പല്ലുകളാൽ അരയ്ക്കപ്പെടണം” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രിസ്തുവിനു വേണ്ടി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ ജീവിതം നേർമ, വിശ്വാസസത്യത, ദൈവസ്നേഹം, സഭയോടുള്ള ആത്മാർത്ഥമായ ബാധ്യത എന്നിവയുടെ ഉദാത്ത ഉദാഹരണമാണ്. അപ്പോസ്തോലിക പാരമ്പര്യത്തിന്റെ തുടർച്ച സുസ്ഥിരമായി സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ത്യാഗം ഇന്നും സഭയ്ക്ക് പ്രചോദനമാണ്. ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിക്കാനും, സഭയ്ക്കായി പ്രാർത്ഥിക്കാനും, ദൈവിക സത്യത്തിൽ അടിയുറച്ചുനിൽക്കാനും അദ്ദേഹത്തിന്റെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു..